Monday, December 13, 2010

സെര്‍ച് എന്‍ജിന്‍ രംഗത്തേക്ക് ഒരു നവാഗതന്‍
ഗൂഗ്ള്‍, യാഹൂ, ബിങ് തുടങ്ങിയ നിരവധി സെര്‍ച് എന്‍ജിനുകള്‍ ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ പരസ്‌പരം മത്സരിക്കുന്നതിനിടെ ഈ രംഗത്തേക്ക് പുതിയൊരെണ്ണം കൂടി കടന്നുവരുകയാണ്. 'ബ്ലെക്കോ' (blekko) എന്നാണ് ഈ പുതിയ സെര്‍ച് എന്‍ജിന്റെ പേര്. നിലവിലെ സെര്‍ച് എന്‍ജിനുകള്‍ ആവശ്യമുള്ളതിലും കൂടുതല്‍ സെര്‍ച് ഫലങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുന്നതിനാല്‍ ഉപയോക്താവിന് ആശയക്കുഴപ്പവും സമയനഷ്ടവുമുണ്ടാകുന്നു. ഇതിന് പ്രതിവിധി എന്ന നിലക്കാണ് ബ്ലെക്കോ എത്തുന്നത്. ആവശ്യമില്ലാത്ത സെര്‍ച് ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ പ്രസക്തമായ ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് പുതിയ സെര്‍ച് എന്‍ജിന്റെ രീതി. ഇതര സെര്‍ച് എന്‍ജിനുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.
'സ്ലാഷ്ടാഗ്‌സ്' (slashtags) എന്ന സവിശേഷമായ ടെക്‌നോളജിയാണ് ബ്ലെക്കോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസക്തവും അര്‍ഥവത്തുമെന്ന് കരുതുന്ന 300 കോടി വെബ് പേജുകളാണ് ഈ സെര്‍ച് എന്‍ജിനില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലഭിക്കുകയുള്ളൂ. എഡിറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ ഈ പട്ടികകളെയാണ് 'സ്ലാഷ്ടാഗ്‌സ്' എന്നു വിളിക്കുന്നത്. 'സ്ലാഷ് ദ വെബ്' എന്നതാണ് ബ്ലെക്കോയുടെ മുദ്രാവാക്യം.
നിലവാരം കുറഞ്ഞ വെബ്‌സൈറ്റുകള്‍ ചില വിദ്യകള്‍ ഉപയോഗിച്ച് സെര്‍ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. സ്ഥൂലമായ സെര്‍ച് ഫലമാണ് ഇതുമുഖേന ലഭിക്കുക. മുഖ്യമായും health, colleges, autos, personal finance, lyrics, recipes, hotels എന്നീ ഏഴ് വിഭാഗങ്ങളിലാണ് ആവശ്യമില്ലാത്ത സെര്‍ച്ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ സ്വയം എഡിറ്റ് ചെയ്ത സെര്‍ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക. സാധാരണ ഗതിയില്‍ ഗൂഗഌലും മറ്റും ഏതെങ്കിലും വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലിങ്കുകളും കീവേഡുകളും ഉള്‍പ്പെടെ നിരവധി ഫലങ്ങള്‍ മുന്നിലെത്തുന്നു. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച് വഴി കണ്ടെത്താനാവില്ലെന്നത് ഇവയുടെ ന്യൂനതയാണ്. ഇതൊഴിവാക്കുക എന്നതാണ് പുതിയ ടെക്‌നോളജി ലക്ഷ്യമാക്കുന്നത് - ബ്ലെക്കോയുടെ സ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു. സെര്‍ച് ഫലങ്ങള്‍ ശുദ്ധീകരിക്കുക വഴി ആവശ്യമില്ലാത്ത സ്‌പാം സൈറ്റുകളെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം കൂടി ബ്ലെക്കോക്കുണ്ട്. മൂന്നു വര്‍ഷത്തെ വികസനത്തിനും ഏതാനും മാസങ്ങളിലെ ബീറ്റാ ടെസ്റ്റിങ്ങിനും ശേഷം നവംബര്‍ ഒന്നിനാണ് ബ്ലെക്കോ പുറത്തിറക്കിയത്. ബ്ലെക്കോയുടെ വരവിനെ 'ഗൂഗ്ള്‍ കില്ലര്‍' എന്നാണ് വെബ്‌ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗൂഗഌമായി ഒരു മത്സരത്തിന് തങ്ങള്‍ ഇല്ലെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ സെര്‍ച് അനുഭവം സമ്മാനിക്കുകയാണത്രെ ബ്ലെക്കോയുടെ ലക്ഷ്യം.

Friday, December 10, 2010

ഇത്തിസലാത്ത് ഇന്റര്‍നെറ്റ് ഫോണ്‍ അടുത്ത വര്‍ഷം ആദ്യം
ദുബൈ: മലയാളികളടക്കമുള്ള പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രേട്ടോകോള്‍ (വോയ്പ്) സംവിധാനം അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുമെന്ന് ഇത്തിസലാത്ത് വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നും 2011 തുടക്കത്തോടെ ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും ഇത്തിസലാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഹാഷിം വ്യക്തമാക്കി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇത്തിസലാത്തിന്റെ 'പബ്ലിക് ടെലിപ്രസന്‍സ് റൂം' ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
അംഗീകൃത വോയ്പ് കാള്‍ സംവിധാനത്തതിന് ഔദ്യോഗികമായി തുടക്കമിടാനുള്ള നീക്കത്തിന് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ട്രാ) നേരത്തെ  അംഗീകാരം നല്‍കിയിരുന്നു. ഇതോടെ യു.എ.ഇയുടെ ഔദ്യോഗിക ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കായ ഇത്തിസലാത്തും ഡുവും കഴിഞ്ഞ ജൂലൈയോടെ രാജ്യത്ത് ഇന്റര്‍നെറ്റ് ടെലിഫോണിന് തുടക്കമിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. ഇന്റര്‍നെറ്റ് ടെലിഫോണ്‍ നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയും. മൊബൈല്‍, ലാന്റ് ലൈനുകളിലേക്ക് നിലവിലെ ടെലിഫോണ്‍ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചാര്‍ജ് മാത്രമായിരിക്കും ഇതില്‍ ഈടാക്കുക. നിരക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വോയ്പ് കോളിന് അനുവാദം നല്‍കാന്‍ ട്രാ സന്നദ്ധമായതോടെ ഈ സേവനം അനുവദിക്കുന്ന പ്രമുഖ കമ്പനികളായ സ്‌കൈപി ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ യു.എ.ഇ മാര്‍ക്കറ്റിലേക്കു കടന്നുവരാന്‍ തയാറായിരുന്നു. എന്നാല്‍, രാജ്യത്ത് വോയ്പ് സേവനം നല്‍കാന്‍ ഇത്തിസലാത്തിനും ഡുവിനും മാത്രമേ അനുവാദമുള്ളൂവെന്ന് ട്രാ പ്രഖ്യാപിച്ചു. സാറ്റലൈറ്റ് സേവനം യാഹ്‌സാറ്റ്, തുറയ്യ എന്നീ കമ്പനികളിലും നിക്ഷിപ്തമായിരിക്കും. ഇത്തിസലാത്തിനൊപ്പം വോയ്പ് സേവനം തുടങ്ങാന്‍ ഡുവും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോയ്പ് കാര്‍ഡുകളുടെ വിതരണച്ചുതല സ്വകാര്യ കമ്പനിയെയാണ് ഡു ഏല്‍പിച്ചിരിക്കുന്നത്.
ഇത്തിസലാത്തും ഡുവും അന്താരാഷ്ട്ര കോളുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഇതും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരുന്നത്. രാജ്യാന്തര നെറ്റ്‌വര്‍ക്കുകളുടെ സേവനവും ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യകളുമുപയോഗിക്കുന്ന നിലവിലെ സ്വകാര്യ വോയ്പ് കാള്‍ യു.എ.ഇയില്‍ നിയമ വിരുദ്ധമാണെങ്കിലും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കുന്നത് പിടിക്കപ്പെട്ടാല്‍ കനത്ത പിഴയാണ് നല്‍കിവരുന്നത്. എങ്കിലും ഇത്തരം കാര്‍ഡുകള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. കുറഞ്ഞ ചെലവില്‍ നിര്‍ഭയമായി നാട്ടിലേക്ക് വിളിക്കാന്‍ കഴിയുമെന്നതിനാല്‍ പുതിയ സംവിധാനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസികള്‍.

Wednesday, December 8, 2010

യു.എ.ഇയിലെ ആദ്യ 'പബ്ലിക് ടെലിപ്രസന്‍സ് റൂമി'ന് തുടക്കമായി
ദുബൈ: യു.എ.ഇയിലെ ആദ്യ 'പബ്ലിക് ടെലിപ്രസന്‍സ് റൂമി'ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. മറ്റ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുള്ളവരുമായി അതീവ വ്യക്തതയോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനിയായ ടാറ്റ കമ്യൂണിക്കേഷന്‍സും സിസ്‌കോയുമായി സഹകരിച്ചാണ് ഇത്തിസലാത്ത് ടെലിപ്രസന്‍സ് റൂമുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്‍കൂട്ടി ബുക്ക്‌ചെയ്യുന്നതിനനുസരിച്ച് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. മണിക്കൂറിന് 2000 ദിര്‍ഹമാണ് ഇതിന് ഈടാക്കുക. വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാള്‍ നമ്പര്‍ മൂന്നിന് എതിര്‍വശത്താണ് ആദ്യ കേന്ദ്രം തുറന്നിരിക്കുന്നത്.
www.etisalat.ae/telepresence എന്ന വെബ്‌സൈറ്റു വഴി 24 മണിക്കൂറും ഈ സംവിധാനം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇരിക്കുന്ന പ്രതിനിധികളുമായി ദുബൈയിലെ ടെലിപ്രസന്‍സ് മുറിയിലിരുന്ന് ശബ്ദ, ചിത്ര വ്യക്തതയോടെ സംസാരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഒരേ മേശക്ക് ചുറ്റുമിരിക്കുന്ന പ്രതീതിയാണ് ടെലിപ്രസന്‍സ് റൂമുകളില്‍ ലഭിക്കുക. ഇരു ഭാഗത്തും ആറ് വീതം പേര്‍ക്ക് ഒരേ സമയം സംവദിക്കാന്‍ കഴിയും. ന്യയോര്‍ക്ക്, ലണ്ടന്‍, മുംബൈ, ഷാങ്ഹായ് തുടങ്ങിയ ലോകത്തെ 23 ഓളം സുപ്രധാന കേന്ദ്രങ്ങളില്‍ ടാറ്റ കമ്യൂണിക്കേഷന്‍സ് ഇത്തരം കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. യു.എ.ഇയിലെ ആദ്യ പബ്ലിക് ടെലിപ്രസന്‍സ് റൂമിന് തുടക്കമിടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇത്തിസലാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഹാഷിം പറഞ്ഞു. അബൂദബിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഉടന്‍ തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ കമ്യൂണിക്കേഷന്‍സ് മേഖലാ മേധാവി റദ്‌വാന്‍ മുസ്സാലി, സിസ്‌കോ ജനറല്‍ മാനേജര്‍ വെയ്ന്‍ ഹുല്‍, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വെന്യൂസ് കമേഴ്‌സ്യല്‍ ഡയറക്ടര്‍ ഇസ്സാം കാസിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Monday, December 6, 2010

ഫെയ്‌സ്ബുക്ക് മുഖം മാറ്റുന്നു

വാഷിങ്ടണ്‍: സൗഹൃദ വെബ്‌സൈറ്റായി വന്‍ സ്വീകാര്യത നേടിയ ഫേസ്ബുക്ക് മുഖം മിനുക്കുന്നു. അംഗങ്ങളുടെ പ്രൊഫൈല്‍ പേജ് കൂടുതല്‍ മികവാര്‍ന്ന രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് ഫേസ്ബുക്കിന് ജന്മം നല്‍കിയ 26കാരനായ മാര്‍ക്ക് സക്കര്‍ബെഗ് പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് സക്കര്‍ബെഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫേസ്ബുക്കിനെ നാലുവര്‍ഷം മുമ്പ് യാഹൂവിന് 100കോടി ഡോളറിന് വില്‍ക്കാനൊരുങ്ങിയെന്ന വാര്‍ത്ത  നിഷേധിച്ച അദ്ദേഹം ലോകത്തുടനീളം ഇതില്‍ കയറിയിറങ്ങുന്ന 50കോടി ജനങ്ങളുടെ രഹസ്യവിവരങ്ങള്‍ തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്നും അതൊരിക്കലും മറ്റൊരു കമ്പനിക്ക് വില്‍ക്കില്ലെന്നും പറഞ്ഞു. സൈറ്റ് ഉപയോഗപ്പെടുത്തുന്ന പരസ്യ കമ്പനികള്‍ക്ക് ഒരിക്കലും ഈ വിവരങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കനാവില്ല. ഇത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്നും സക്കര്‍ബെഗ് പറഞ്ഞു.
പുതിയ പ്രൊഫൈല്‍ പേജില്‍ ഫെയ്‌സ്ബുക്ക് അംഗം ഏറ്റവും ഒടുവില്‍ 'ടാഗ്' ചെയ്ത പടങ്ങള്‍ പേജിന്റെ ഏറ്റവും മുകള്‍വശത്ത് നിരയായി വ്യക്തിഗത വിവരങ്ങളോടെ പ്രത്യക്ഷപ്പെടും. ഈ വ്യക്തി ആരാണ്, പഠിക്കുന്ന സ്‌കൂള്‍,ജോലി സ്ഥലം,വ്യക്തിബന്ധങ്ങളുടെ നില തുടങ്ങിയവ പടത്തിനൊപ്പം ഉണ്ടായിരിക്കും.
ഫെയ്‌സ്ബുക്കിന്റെ നല്ലൊരു ശതമാനം ഫോട്ടോകളാണ്. ആളുകള്‍ ഫോട്ടോ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ആ ഇടത്തെ മികവുറ്റതാക്കാന്‍ തങ്ങള്‍ മുതിര്‍ന്നത്‌സക്കര്‍ബെഗ് വ്യക്തമാക്കി. തിളക്കമാര്‍ന്ന മുഖത്തോടെയുള്ള ഫെയ്‌സ്ബുക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഫേസ്ബുക്കിനെ ആധാരമാക്കി ഇറങ്ങുന്ന സിനിമയായ 'ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'രസകരമായ കഥയാണെന്നും സക്കര്‍ഹബെര്‍ഗ് പറഞ്ഞു.

Sunday, December 5, 2010

നോക്കിയ ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കും

നോക്കിയ ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കും

ന്യൂദല്‍ഹി: തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ കടന്നുപോകുന്ന സന്ദേശങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ പരിശോധനക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കുമെന്ന് നോക്കിയ. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ നിര്‍േദശങ്ങളും അംഗീകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് വ്യക്തമാക്കുന്ന കത്ത് നോക്കിയ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡി. ശിവകുമാര്‍ വ്യാഴാഴ്ച പ്രതിരോധ സെക്രട്ടറി ജി.കെ. പിള്ളക്ക് കൈമാറി. നിയമനിര്‍േദശങ്ങള്‍ പാലിക്കുമെങ്കിലും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നോക്കിയയുടെ തീരുമാനം ബ്ലാക്ക്ബറിയടക്കമുള്ള സേവനതാദാക്കള്‍ പിന്തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതൊരു വ്യാവസായിക പ്രശ്‌നമാണെന്നും നോക്കിയയടക്കമുള്ളവര്‍ എന്തു നിലപാടെടുക്കുമെന്ന് നോക്കിയാവും തങ്ങള്‍ മുന്നോട്ടുപോവുകയുമെന്ന് ബ്ലാക്ക്ബറി സേവനദാതാക്കളായ കാനഡ കമ്പനി 'റിം' നേരത്തേ വ്യക്തമാക്കിയിരുന്നു.