'ബറ്റല്കോ' മൊബൈല്‍ ഉപഭോക്താക്കള്ക്ക് കൂടുതല്‍ ഇളവുകള്‍
മനാമ: 'ബറ്റല്കോ' ഉപഭോക്താക്കള്ക്ക് നല്കുന്ന സേവനം മെച്ചപ്പെടുത്താനും നവീകരിക്കാനും തീരുമാനിച്ചതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 12 മുതലായിരിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരിച്ച സേവനം ലഭ്യമാകുക.
എട്ടു മുതല്‍ 10 വരെ ആഴ്ച നീളുന്ന നവീകരണ പ്രവര്ത്തനങ്ങളാണ് നടത്തുക. മൊബൈല്‍ ഉപഭോക്താക്കള്ക്ക് കൂടുതല്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്റര്നെറ്റ് വരിക്കാര്ക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കും.
സാധാരണ ദിവസങ്ങളില്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെയും വാരാന്ത്യ ഒഴിവുദിനങ്ങളില്‍ രാവിലെ അഞ്ചുമുതല്‍ എട്ടുവരെയും പ്രത്യേക കിഴിവുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേവലം 20 മിനിറ്റ് മാത്രമേ സേവനം തടസ്സപ്പെടുകയുള്ളൂവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചില പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്ക്ക് എസ്.എം.എസ് സേവനത്തില്‍ തടസ്സമുണ്ടാകും. മിലിട്ടറി ഹോസ്പിറ്റലിലെത്തുന്ന രോഗികളുടെ ബന്ധുക്കള്ക്കും രോഗികള്ക്കും വൈ-ഫൈ സൗകര്യമുള്ള ഫോണാണെങ്കില്‍ ഇന്റന്‍നെറ്റ് സൗകര്യം സൗജന്യമായി ലഭ്യമാക്കും.